Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

അതുല്യമായ സമ്മാനം
നസീം അഹ്മദ് ഗാസി
സമയം 10 മണി. ഒരാള്‍ ഓഫീസിലേക്ക് കയറി വന്നു. "മുഹമ്മദ് ഫാറൂഖ് ഖാന്‍ സാഹിബുമായി ഒരു മുലാഖാത്തിനവസരം നല്‍കണം. മഹത്തായ ഔദാര്യമാണ് അദ്ദേഹം എനിക്ക് ചെയ്ത് തന്നത്. നന്ദി പ്രകാശിപ്പിക്കാനാണ് ഞാന്‍ ഇത്ര ദൂരം സഞ്ചരിച്ച് ഇവിടെ എത്തിയിരിക്കുന്നത്'' അദ്ദേഹം പറഞ്ഞു. എന്ത് ഉപകാരമാണ് മൌലാന അദ്ദേഹത്തിന് ചെയ്തത് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ അദ്ദേഹത്തെ ആദരപൂര്‍വം സ്വീകരിച്ചിരുത്തി വിവരങ്ങള്‍ അന്വേഷിച്ചു. തന്നെ പരിചയപ്പെടുത്തിക്കൊണ്ടദ്ദേഹം പറഞ്ഞു:
"ഞാന്‍ സെയില്‍ടാക്സ് വകുപ്പില്‍ ഡെപ്യൂട്ടി കമീഷണര്‍ ആയിരുന്നു. ഈയിടെയാണ് റിട്ടയര്‍ ചെയ്തത്. എന്റെ പ്യൂണ്‍ ഒരു മുസ്ലിമായിരുന്നു. അയാളുടെ ജോലിയില്‍ സംതൃപ്തനായി ഞാന്‍ അയാള്‍ക്ക് പ്രമോഷന്‍ നല്‍കി. പ്രമോഷന്‍ ലഭിച്ചതില്‍ അയാള്‍ അത്യധികം സന്തുഷ്ടനായി. പ്രമോഷന്‍ നല്‍കുക വഴി ഞാന്‍ അയാളോട് ഔദാര്യം ചെയ്തിരിക്കുകയാണ് എന്നയാള്‍ വിശ്വസിച്ചു. എനിക്ക് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം വിലപിടിച്ച ഒരു സമ്മാനം നല്‍കണമെന്നും അയാള്‍ തീരുമാനിച്ചു. എന്റെ പദവിക്കിണങ്ങുന്ന എന്ത് സമ്മാനമാണ് നല്‍കുക എന്നയാള്‍ ചിന്തിച്ച് കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും അമൂല്യമായ ഒരു സമ്മാനമായിരിക്കണം നല്‍കേണ്ടതെന്ന് അയാള്‍ തീരുമാനിച്ചു. നിരന്തരമായ ആലോചനകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ വിലമതിക്കാനാവാത്തതും അതുല്യവുമായ ഒരു സമ്മാനം അയാള്‍ കണ്ടെത്തി.
ഒരു ദിവസം വൃത്തിയുള്ള ഒരു കടലാസില്‍ പൊതിഞ്ഞ ആ സമ്മാനവുമായി അദ്ദേഹം എന്റെ വീട്ടില്‍ വന്നു. ഞാന്‍ സ്നേഹത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. ഇരുന്നയുടന്‍ വിനയാന്വിതനായി അദ്ദേഹം പറഞ്ഞു: "കമീഷണര്‍ സാഹിബ്, താങ്കള്‍ പ്രമോഷന്‍ നല്‍കുക വഴി പാവപ്പെട്ട എന്നോടും എന്റെ കുടുംബത്തോടും വലിയ ഔദാര്യമാണ് ചെയ്തിരിക്കുന്നത്. താങ്കള്‍ക്ക് പ്രത്യുപകാരം ചെയ്യാനോ നന്ദി പ്രകടിപ്പിക്കാനോ എനിക്കാവില്ല. താങ്കള്‍ക്കൊരു സമ്മാനം നല്‍കാന്‍ എന്റെ മനസ്സ് വെമ്പുകയായിരുന്നു. സാറേ, ഞാനിപ്പോള്‍ താങ്കളുടെ സവിധത്തില്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന അമൂല്യമായ പാരിതോഷികത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്ന് താങ്കള്‍ക്ക് ഉറച്ച് വിശ്വസിക്കാം. താങ്കള്‍ ഇത് തുറന്ന ഹൃദയത്തോടെ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' ഇത് പറഞ്ഞുകൊണ്ടദ്ദേഹം സമ്മാനപ്പൊതി എനിക്ക് നേരെ നീട്ടി. സമ്മാനം സ്വീകരിച്ച് അത് അലമാരയില്‍ വെച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: "ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല.'' ലഘുവായ ഒരു സല്‍ക്കാരത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ യാത്രയാക്കി.
അദ്ദേഹം പോയ ഉടന്‍ ഞാന്‍ പൊതിയഴിച്ചു. അത് വിശുദ്ധ ഖുര്‍ആനിന്റെ ഹിന്ദി പരിഭാഷയായിരുന്നു. അതെന്നെ രോഷാകുലനാക്കി. ഖുര്‍ആനെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് ഞാന്‍ വെച്ചുപുലര്‍ത്തിയിരുന്നത്. അമൂല്യമായ സമ്മാനമെന്ന പേരില്‍ ഖുര്‍ആന്‍ നല്‍കി അയാള്‍ എന്നെ പരിഹസിക്കുകയായിരുന്നുവോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഇത്തരമൊരു സമീപനം എന്നോടയാള്‍ സ്വീകരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവെങ്കില്‍ ഞാനയാള്‍ക്ക് പ്രമോഷന്‍ തന്നെ നല്‍കുമായിരുന്നില്ല. എന്റെ ഭാര്യക്ക് വിലപിടിച്ച സ്വര്‍ണാഭരണങ്ങളുടെ ഒരു സെറ്റായിരിക്കും അയാള്‍ കൊണ്ടുവന്നതെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. ഖുര്‍ആന്‍ ഞാന്‍ അവജ്ഞയോടെ അലമാരയുടെ ഒരു മൂലയില്‍ വെച്ചു.
പതിവ് പോലെ രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ മുസ്ലിം തൊഴിലാളി പറഞ്ഞ വാക്കുകള്‍ എന്റെ മസ്തിഷ്കത്തില്‍ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരുന്നു: "സാറേ, ഞാനിപ്പോള്‍ താങ്കളുടെ സവിധത്തില്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന അമൂല്യമായ പാരിതോഷികത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്ന് താങ്കള്‍ക്ക് ഉറച്ച് വിശ്വസിക്കാം.'' ഇതോടെ എന്റെ നിദ്ര പമ്പ കടന്നു. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് കൊണ്ടിരുന്നു. എന്റെ സമീപത്തുണ്ടായിരുന്ന ഭാര്യ, നിദ്രാവിഹീനനായി അസ്വസ്ഥതയോടെ ചെരിഞ്ഞും മറിഞ്ഞും കിടന്ന് കൊണ്ടിരിക്കുന്ന എന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചന്വേഷിച്ച് കൊണ്ട് പറഞ്ഞു. "ഇന്ന് ഓഫീസില്‍ വല്ല പ്രശ്നവുമുണ്ടായിരിക്കും. നിങ്ങള്‍ കൈക്കൂലി വാങ്ങരുതെന്നും അത് മനഃശ്ശാന്തി നശിപ്പിക്കുമെന്നും ഞാന്‍ ആവര്‍ത്തിച്ച് ഉണര്‍ത്താറുള്ളതല്ലേ?'' "എന്നെ അലട്ടുന്ന പ്രശ്നം നീ ധരിച്ചതൊന്നുമല്ല.'' ഞാന്‍ അവളോട് ദേഷ്യത്തോടെ പറഞ്ഞു. അവള്‍ എന്നെയുപേക്ഷിച്ച് മറ്റൊരു മുറിയില്‍ പോയി ഉറങ്ങി. ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എഴുന്നേറ്റിരുന്ന് വിളക്ക് കത്തിച്ചു. സമയം രാത്രി 3 മണി. ഡ്രോയിംഗ് റൂമില്‍ പോയി ഖുര്‍ആന്റെ ഹിന്ദി പരിഭാഷ എടുത്ത് കൊണ്ട് വന്നു. വായിക്കാനായി വിരിപ്പില്‍ ഇരുന്നു. തുറന്നയുടന്‍ പ്രഥമ പേജില്‍ തന്നെ "മഹത്തായ ഈ ഗ്രന്ഥം ശുദ്ധിയായതിന് ശേഷം വായിക്കാനാരംഭിക്കുക'' എന്ന വാചകം ദൃഷ്ടിയില്‍ പതിഞ്ഞു.ഞാന്‍ ഞെട്ടിപ്പോയി. ഉടനെ ഖുര്‍ആന്‍ തിരികെ അലമാരയില്‍ വെച്ച് ഞാന്‍ കുളിക്കാന്‍ പോയി. കുളിച്ച് ശുദ്ധിയായി അലക്കിത്തേച്ച വസ്ത്രം ധരിച്ച് ഖുര്‍ആന്‍ വായിക്കാനാരംഭിച്ചു. വായന പുരോഗമിക്കുന്നതിനനുസരിച്ച് അതെന്റെ ഹൃദയ മസ്തിഷ്കങ്ങളില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒത്തിരി പേജുകള്‍ ഒറ്റയിരുപ്പില്‍ തന്നെ ഞാന്‍ വായിച്ചു. അതിന്റെ ഭാഷാ സൌകുമാര്യവും ഔന്നത്യവും ഉന്നത ശിക്ഷണങ്ങളും എന്നെ പിടിച്ചുലച്ചു. അറിയാതെ ഞാന്‍ ഉച്ചത്തില്‍ ഉദ്ഘോഷിച്ചു. "ഇത് ഒരു മനുഷ്യ വചനമാവാന്‍ സാധ്യമല്ല, തീര്‍ച്ച. ഇത് ദൈവിക വചനങ്ങള്‍ തന്നെയാണ്.''
ഞാന്‍ വ്യത്യസ്ത മതഗ്രന്ഥങ്ങള്‍ വായിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനോട് താരതമ്യം ചെയ്യാവുന്ന ഒരു മതഗ്രന്ഥവുമില്ലെന്ന് പ്രഥമദിവസം തന്നെ എനിക്ക് ബോധ്യമായി. എന്റെ മുസ്ലിം തൊഴിലാളിക്ക് പ്രമോഷന്‍ നല്‍കുക വഴി ഞാനയാള്‍ക്ക് ഔദാര്യം ചെയ്യുകയായിരുന്നില്ല. പ്രത്യുത ദൈവിക വചനങ്ങളുടെ സമാഹാരമായ ഈ അതുല്യ പാരിതോഷികം എനിക്ക് സമര്‍പ്പിച്ച് മഹത്തായ ഔദാര്യമാണ് അയാള്‍ ചെയ്തതെന്ന് എന്റെ ഹൃദയം സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു.
അതോടെ എന്റെ ദിനചര്യകള്‍ മാറി. ദിനേന പ്രഭാതത്തില്‍ ഉണരും. കുളിച്ച് ശുദ്ധിയായി വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യും. വായനക്കിടയില്‍ പലപ്പോഴും എന്നെ നിയന്ത്രിക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. മുന്‍കാല ജീവിതത്തില്‍ ഖേദവും ലജ്ജയും തോന്നി. ഭാവിയില്‍ പ്രപഞ്ചനാഥന്റെ മാര്‍ഗദര്‍ശനത്തിനനുസൃതമായി ജീവിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തു. വിശുദ്ധ ഖുര്‍ആന്റെ സ്വാധീനവും ദൈവാനുഗ്രഹവും എന്നെ തഴുകിയപ്പോള്‍ കൈക്കൂലിയും മദ്യവും ഉപേക്ഷിച്ചു. മറ്റ് തിന്മകളില്‍ നിന്നൊക്കെ പശ്ചാത്തപിച്ചു. നന്മയിലേക്ക് മുന്നേറാന്‍ ആരംഭിച്ചു. അതോടൊപ്പം എന്റെ അമുസ്ലിം സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യം വിശദീകരിച്ച് കൊടുക്കാനാരംഭിക്കുകയും ചെയ്തു.
ഏതാനും നിമിഷങ്ങള്‍ മൌനം ദീക്ഷിച്ച ശേഷം അദ്ദേഹം തുടര്‍ന്നു. "ഖുര്‍ആന്‍ പരിഭാഷകനായ മൌലാനാ മുഹമ്മദ് ഫാറൂഖ് ഖാന്‍ സാഹിബിനെ നേരില്‍ കാണാനും മുഴുവന്‍ ഹിന്ദി ലോകത്തിന്റെയും അഭിനന്ദനമര്‍പ്പിക്കാനുമാണ് ഞാനിവിടെ വന്നിരിക്കുന്നത്. ദൈവിക വചനമായ വിശുദ്ധ ഖുര്‍ആന്‍ അറബിയില്‍നിന്ന് ഹിന്ദിയിലേക്ക് ഭാഷാന്തരം ചെയ്ത് അറബി അറിയാത്ത കോടിക്കണക്കിന് മനുഷ്യര്‍ക്ക് ദൈവിക സന്ദേശവും സന്മാര്‍ഗവും പരിചയപ്പെടുത്തുക വഴി മഹത്തായ ഔദാര്യമാണദ്ദേഹം ചെയ്തിരിക്കുന്നത്. എന്റെ വികാരങ്ങളുടെ പൂര്‍ത്തീകരണത്തിനും എന്റെ ഗുണകാംക്ഷിയായ മൌലാനയോടുള്ള ആദരവും കാരണം നോമ്പെടുത്താണ് ഞാന്‍ വന്നിരിക്കുന്നത്. മാത്രമല്ല റെയില്‍വെ സ്റേഷനില്‍നിന്ന് കാല്‍നടയായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ഇതിലൂടെ ആദരവിന്റെയും സ്നേഹത്തിന്റെയും നന്ദിയുടെയും എളിയ ഒരു കാണിക്ക അദ്ദേഹത്തിന്റെ സവിധത്തില്‍ കാഴ്ചവെക്കാനാവുമല്ലോ.''
വിവ: പി.കെ മുഹമ്മദലി
ആന്തമാന്‍



 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly